ക്ഷേത്രപ്രവേശന വിളംബരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവതാംകൂറിലെ അവര്ണ്ണരായ ഹൈന്ദവര്ക്ക് ക്ഷേത്രങ്ങളില് പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാള് ബാലരാമവര്മ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം എന്നറിയപ്പെടുന്നത്. തിരുവതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികക്കല്ലായി 1936 നവംബര് 12നു പുറത്തിറങ്ങിയ ഈ വിളംബരം വിശേഷിക്കപ്പെടുന്നു. 1829-ല് സതി നിരോധിച്ചശേഷം സ്വാതന്ത്ര്യപൂര്വ്വ ഇന്ത്യയില് നിലവില്വന്ന ഏറ്റവും വലിയ സാമൂഹിക പരിഷ്കാരമായും ക്ഷേത്രപ്രവേശന വിളംബരം ഗണിക്കപ്പെടുന്നുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
ഹിന്ദുമതത്തില് നിലനിന്നിരുന്ന സാമൂഹിക ദുരാചാരങ്ങളിലൊന്നായിരുന്നു അയിത്തം. ജാതീയമായി താഴേക്കിടയിലുള്ളവര്ക്ക് പൊതുസ്ഥലങ്ങളിലും മറ്റും പ്രവേശനം നിഷേധിച്ചിരുന്നതും ഈ അയിത്താചരണത്തിന്റെ ഭാഗമായാണ്. മതാചാരത്തിന്റെ ഭാഗമായിക്കണ്ടിരുന്നതിനാല് ഇതിനെതിരെ അവര്ണ്ണരില് നിന്നും കാര്യമായ പ്രതിഷേധമുയര്ന്നിരുന്നില്ല. എന്നാല് സതി നിരോധനത്തിനുശേഷം ഇന്ത്യയിലെമ്പാടും ജാതീയമായ വിവേചനങ്ങള്ക്കെതിരെ നിശബ്ദ പ്രതിഷേധങ്ങള് ഉയര്ന്നു തുടങ്ങി.
കീഴ്ജാതിക്കാരുടെ അവശതകള്ക്കു പരിഹാരം കാണാനുള്ള ശ്രമം തിരുവതാംകൂറില് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്തന്നെ തുടങ്ങിയിരുന്നു. ഇന്നത്തെ കന്യാകുമാരി ജില്ലയില് വൈകുണ്ഠസ്വാമി തുടക്കം കുറിച്ച സമത്വസമാജം ഈ ലക്ഷ്യം വച്ചുള്ളതായിരുന്നു. പിന്നീടു തിരുവതാംകൂറിന്റെ മണ്ണില് ഒട്ടേറെ നവോത്ഥാന നായകര് കടന്നുവന്നു. ചട്ടമ്പിസ്വാമികള്, ശ്രീനാരായണഗുരു, ഡോ. പല്പു, മഹാകവി എന്. കുമാരനാശാന്, സി.വി. കുഞ്ഞുരാമന്, ടി.കെ. മാധവന്, അയ്യന്കാളി തുടങ്ങിയവര് തങ്ങളുടെ പ്രബോധനങ്ങളിലൂടെ ജാതിചിന്തയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവാന്മാരാക്കി. ഇവയ്ക്കുപുറമേ അയ്യന്കാളിയെയും ടി.കെ. മാധവനെയും പോലുള്ളവര് നിയമസഭയിലും അവര്ണ്ണര്ക്കുവേണ്ടി ശബ്ദമുയര്ത്തി.
[തിരുത്തുക] വൈക്കം സത്യാഗ്രഹം
ക്ഷേത്രപ്രവേശന വിളംബരത്തിനു വഴിതെളിച്ച മറ്റൊരു സംഭവമായിരുന്നു 1925ലെ വൈക്കം സത്യാഗ്രഹം. ക്ഷേത്രങ്ങളിലേക്കുള്ള പൊതുവഴിയില് അവര്ണ്ണര്ക്കു സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനായിരുന്നു ഈ സമരം. അമ്പലപ്പുഴയിലും തിരുവാര്പ്പിലും സമാനമായ സമരങ്ങള് അരങ്ങേറി. മഹാത്മാ ഗാന്ധിയുടെ സാന്നിധ്യംകൊണ്ട് വൈക്കം സത്യാഗ്രഹം ദേശീയ ശ്രദ്ധനേടുകയും ചെയ്തു. സമരത്തിന്റെ ഫലമായി വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴി അവര്ണ്ണര്ക്കു തുറന്നുകൊടുത്തു. തിരുവതാംകൂറിലെ ജനങ്ങള്ക്കിടയില് ക്ഷേത്രപ്രവേശനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതില് വൈക്കം സത്യാഗ്രഹം വഹിച്ച പങ്കു നിസാരമല്ല.
[തിരുത്തുക] സര് സി.പിയുടെ പങ്ക്
ക്ഷേത്രപ്രവേശനത്തിനായുള്ള ചെറുസമരങ്ങള് അവിടവിടെ അരങ്ങേറിയെങ്കിലും വിളംബരം പുറത്തിറങ്ങാന് പ്രബലമായൊരു കാരണം ദിവാന് സര് സി.പി. രാമസ്വാമി അയ്യര് മഹാരാജാവില് ചെലുത്തിയ പ്രേരണയാണ്. കൊച്ചി രാജ്യത്തെ ദിവാനായിരുന്ന ഷണ്മുഖം ചെട്ടി നടപ്പാക്കിയ ദ്വിഭരണ സമ്പ്രദായത്തിന്റെ കീര്ത്തിയില് നിന്നും പൊതുജനശ്രദ്ധ തിരുവതാംകൂറിലേക്കു തിരിക്കുന്നതിനാണ് സി.പി. ഇത്തരമൊരു നിലപാടെടുത്തതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര് വാദിക്കുന്നു. എന്നാല് ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തില് സര് സി.പിയുടേതു പുരോഗമന മനസായിരുന്നുവെന്ന് ആധുനിക ചരിത്രകാരന്മാരിലധികവും സമര്ത്ഥിക്കുന്നുണ്ട്.
[തിരുത്തുക] ക്ഷേത്രപ്രവേശന സമിതി
1932-ല് ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്ട്ട് സമര്പ്പിക്കുന്നതിന് അന്നത്തെ ദിവാനായ വി.എസ്. സുബ്രഹ്മണ്യയ്യര് അധ്യക്ഷനായുള്ള എട്ടംഗ സമിതിയെ മഹാരാജാവു നിയോഗിച്ചിരുന്നു. സമിതി രണ്ടുവര്ഷത്തിനുശേഷം സമര്പ്പിച്ച റിപ്പോര്ട്ടില് പക്ഷേ ക്ഷേത്രപ്രവേശനത്തിനനുകൂലമായ പരാമര്ശങ്ങള് ഉണ്ടായിരുന്നില്ല. അവര്ണ്ണരെ ക്ഷേത്രങ്ങളില് പ്രവേശിപ്പിക്കാതിരിക്കാന് സവര്ണ്ണര്ക്ക് പരമ്പരാഗതമായുള്ള അവകാശത്തെ പിന്തുണയ്ക്കുന്ന കോടതിയുത്തരവുകളായിരുന്നു സമിതി പ്രധാനമായും ആശ്രയിച്ചത്. ക്ഷേത്രപ്രവേശനം എന്ന കാതലായ വിഷയം മാറ്റിവച്ച് തീണ്ടല് അവസാനിപ്പിക്കാനുള്ള ചില നടപടികള് സമിതി ശുപാര്ശചെയ്തു. സര്ക്കാര് ഖജനാവില് നിന്നു പണം ചെലവഴിച്ചു നിര്മ്മിച്ച റോഡുകളും പൊതുകുളങ്ങളും എല്ലാവിഭാഗം ജനങ്ങള്ക്കുമായി തുറന്നുകൊടുക്കണമെന്നായിരുന്നു സമിതിയുടെ ശുപാര്ശ. ഇതു 1936 മേയ് മാസത്തില് നടപ്പിലാക്കി.
[തിരുത്തുക] മതപരിവര്ത്തന ഭീഷണി
ജാതീയമായ ഉച്ചനീചത്വങ്ങളില് മനംമടുത്ത അവര്ണ്ണ ഹിന്ദുക്കള് വ്യാപകമായി മതപരിവര്ത്തനത്തിനു തയാറായതാണ് ക്ഷേത്രപ്രവേശനത്തിനനുകൂലമായ തീരുമാനമെടുക്കാനുണ്ടായ മറ്റൊരു കാരണം. ഹിന്ദുമതം ഉപേക്ഷിച്ചുപോരാന് ദളിതരോട് അക്കാലത്ത് അംബേദ്കര് ആഹ്വാനം ചെയ്തിരുന്നു. അവര്ണ്ണര്ക്ക് വിദ്യാലയങ്ങളില് പ്രവേശനം നല്കി ക്രൈസ്തവ മിഷണറിമാരും മതപരിവര്ത്തനത്തെ പ്രോത്സാഹിപ്പിച്ചു. ഹിന്ദുമതത്തില് നിന്നും വന്തോതിലുള്ള കൊഴിഞ്ഞുപോക്ക് മുന്നില്ക്കണ്ട ഹൈന്ദവനേതാക്കള് അവര്ണ്ണരോടുള്ള അവഗണന അവസാനിപ്പിക്കാന് കുറഞ്ഞതല്ലാത്ത പ്രേരണ ചെലുത്തിയെന്നുവേണം കരുതുവാന്.
[തിരുത്തുക] സവര്ണ്ണരുടെ പിന്തുണ
തിരുവതാംകൂറിലെ ജാതിവിരുദ്ധ സമരങ്ങള്ക്ക് മിക്കപ്പോഴും പുരോഗമന ചിന്താഗതിക്കാരായ സവര്ണ്ണ ഹിന്ദുക്കളില്നിന്നും പിന്തുണകിട്ടിയിരുന്നു. ടി.കെ. മാധവന് അയിത്തത്തിനെതിരായ സമരത്തില് മന്നത്തു പത്മനാഭന്, ചങ്ങനാശേരി പരമേശ്വരന് പിള്ള തുടങ്ങിയ സവര്ണ്ണ നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. ശ്രീനാരായണഗുരുവിന്റെ അനുയായികള് രൂപീകരിച്ച എസ്.എന്.ഡി.പി. യോഗവും അയ്യന്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘവുമായിരുന്നു തിരുവതാംകൂറില് അയിത്തോച്ചാടനത്തിനുവേണ്ടി മുറവിളികൂട്ടിയ സംഘടനകള്. ഇവരുടെ നിലപാടുകള്ക്ക് നമ്പൂതിരിമാരുടെ യോഗക്ഷേമസഭ, നായര് സര്വീസ് സൊസൈറ്റി എന്നീ സവര്ണ്ണ ഹൈന്ദവ സംഘടനകളും പിന്തുണ നല്കിയതു ഗുണപരമായിത്തീര്ന്നു.
[തിരുത്തുക] വിളംബരം
അശോകശാസനത്തിലെ ഭാഷയെയും ശൈലിയെയും അനുസ്മരിപ്പിക്കുന്നതായിരുന്നു വിളംബരത്തിന്റെ ഉള്ളടക്കം. മഹാരാജാവിനുവേണ്ടി സര് സി.പിയാണ് വിളംബരത്തിന്റെ ഉള്ളടക്കം തയാറാക്കിയതെന്നു കരുതപ്പെടുന്നു. 1936 നവംബര് 12നു പുറത്തിറങ്ങിയ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പൂര്ണ്ണരൂപം താഴെച്ചേര്ക്കുന്നു.
“ശ്രീപദ്മനാഭദാസ വഞ്ചിപാലസര് രാമവര്മകുലശേഖര കിരീടപതിമന്നേ സുല്ത്താന് മഹാരാജ രാമരാജ ബഹദൂര് ഷംഷെര് ജംഗ്,നൈറ്റ് ഗ്രാന്ഡ് കമാന്ഡര് ഓഫ് ദ് ഇന്ത്യന് എംപയര്, തിരുവതാംകൂര് മഹാരാജാവു തിരുമനസ്സുകൊണ്ട് 1936-നു 12-നുക്കു ശരിയായ 1112 തുലാം 12-ന് പ്രസിദ്ധപ്പെടുത്തുന്ന വിളംബരം: “നമ്മുടെ മതത്തിന്റെ പരമാര്ത്ഥതയും സുപ്രമാണതയും ഗാഢമായി ബോദ്ധ്യപ്പെട്ടും ആയതു ദൈവികമായ അനുശാസനത്തിലും സര്വവ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും, അതിന്റെ പ്രവര്ത്തനത്തില് അതു ശതവര്ഷങ്ങളായി കാലപരിവര്ത്തനത്തിന് അനുയോജിച്ചു പോന്നുവെന്നു ധരിച്ചും, നമ്മുടെ ഹിന്ദുപ്രജകളില് ആര്ക്കുംതന്നെ അവരുടെ ജനനമോ ജാതിയോ സമുദായമോ കാരണം ഹിന്ദുമതവിശ്വാസത്തിന്റെ ശാന്തിയും സാന്ത്വനവും നിഷേധിക്കപ്പെടാന് പാടില്ലെന്നുള്ള ഉത്കണ്ഠയാലും നാം തീരുമാനിക്കുകയും ഇതിനാല് പ്രഖ്യാപനം ചെയ്യുകയും നിയോഗിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്, സമുചിതമായ പരിതസ്ഥിതികള് പരിരക്ഷിക്കുന്നതിനും ക്രിയാപദ്ധതികളും ആചാരങ്ങളും വച്ചുനടത്തുന്നതിനും നാം നിശ്ചിയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്ക്കും നിബന്ധനകള്ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാള്ക്കും നമ്മുടെയും ഗവണ്മെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില് പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല് യാതൊരു നിരോധനവും ഉണ്ടായിരിക്കാന് പാടില്ലെന്നാകുന്നു”
[തിരുത്തുക] സംശോധക ഗ്രന്ഥങ്ങള്/ലേഖനങ്ങള്
- സര് സി.പി. തിരുവതാംകൂര് ചരിത്രത്തില് - എ. ശ്രീധരമേനോന്, കറന്റ് ബുക്സ്
- കേരള ചരിത്രം - ഡോ. രാജന് ഗുരുക്കള്
- ക്ഷേത്രപ്രവേശന വിളംബരം - മലയാള മനോരമ ലേഖനം, നവംബര് 8, 2002