മലയാളം ന്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദേശത്തു നിന്നും പ്രസിദ്ധീകരണമാരംഭിച്ച ആദ്യത്തെ മലയാള ദിനപത്രമാണ് മലയാളം ന്യൂസ്. സൗദി അറേബ്യയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഈ പത്രത്തിന് മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും നല്ല പ്രചാരമുണ്ട്. അറബ് ന്യൂസ് എന്ന ഇംഗ്ലീഷ് ദിനപത്രമടക്കം ഇരുപതോളം പ്രസിദ്ധീകരണങ്ങളുള്ള സൗദി റിസര്‍ച്ച് ആന്‍റ് പബ്ലിഷിംഗ് കന്പനിയാണ് ഈ പത്രത്തിന്‍റെ പ്രസാധകര്‍. മധ്യപൗരസ്ത്യദേശത്തെ പ്രമുഖ പത്രപ്രവര്‍ത്തകനായ ഫാറുഖ് ലൂഖ്മാനാണ് മലയാളം ന്യൂസിന്‍റെ മുഖ്യപത്രാധിപര്‍. ഇദ്ദേഹത്തിനു കീഴില്‍ കേരളത്തിലെ വിവിധ പത്രങ്ങളില്‍ സേവനമനുഷ്ഠിച്ചിരുന്ന പ്രഗത്ഭരായ പത്രാധിപന്‍മാര്‍ ജിദ്ദയിലെ ആസ്ഥാനത്ത് പത്രം അണിയിച്ചൊരുക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും മലയാളം ന്യൂസിന് പ്രതിനിധികളുണ്ട്. തിരുവനന്തപുരത്താണ് കേരളത്തിലെ പ്രധാന ബ്യൂറോ. കൊച്ചിയില്‍ പ്രസ് ക്ലബ്ബ് റോഡിലും കോഴിക്കോട് യു.കെ. ശങ്കുണ്ണി റോഡിലും ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസി മലയാളി സമൂഹത്തിന്‍റെ 55 ശതമാനവും സൗദി അറേബ്യയിലാണെന്ന വസ്തുത കണക്കിലെടുത്താണ് സൗദി റിസര്‍ച്ച് ആന്‍റ് പബ്ലിഷിംഗ് കന്പനി മലയാളം ന്യൂസ് ആരംഭിക്കാന്‍ 1999ല്‍ തീരുമാനമെടുത്തത്. ഇന്ത്യയുടെ മൂന്നിലൊന്ന് വലിപ്പമുള്ള സൗദി അറേബ്യയുടെ മുക്കിലും മൂലയിലും ദിവസവും രാവിലെ ഈ പത്രം ലഭ്യമാണ്. സൗദി ഡിസ്ട്രിബ്യൂഷന്‍ കന്പനിയെന്ന എസ്.ആര്‍.പി.സിയുടെ ഉപസ്ഥാപനമാണ് വിതരണക്കാര്‍.