കാണപ്പാട്ട സമ്പ്രദായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിയില്‍ സര്‍വ്വ അവകാശങ്ങളും ഉള്ളവനും ഉത്പാദനത്തിന്റെ പ്രധാനഭാഗം കീഴിലുള്ള പാട്ടക്കാരില്‍ നിന്നും അനുഭവിക്കാന്‍ സ്വാതന്ത്ര്യം ഉള്ളവനുമായിരുന്ന തിരുവിതാംകൂര്‍ ജന്മിമാര്‍ തങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാന്‍ ഏര്‍പ്പെടുത്തിയ പാട്ട സമ്പ്രദായമാണ് കാണപ്പാട്ട സമ്പ്രദായം. ഭൂമി പാട്ടക്കാരനു പണയമായി നല്‍കുന്നതു പോലെയാണ് കാണപ്പാട്ടം വ്യവസ്ഥകള്‍. തിരുവിതാംകൂറിലെ ഭൂരിഭാഗം നിലങ്ങളും കാണപ്പാട്ട വ്യവസ്ഥയിലായിരുന്നു. പാട്ടക്കാരന്‍ ഭൂവുടമക്ക് ഭൂമിയുടെ യഥാര്‍ത്ഥവിലയേക്കാളും കുറവുള്ള തുക പണയത്തുകയായി ആദ്യം നല്‍കണമായിരുന്നു. ആണ്ടുതോറും പലിശകുറച്ചുള്ള പാട്ടവും ഭൂവുടമക്ക് അവകാശപ്പെട്ടതായിരുന്നു. പാട്ടക്കാരനെ കാണക്കാരന്‍ എന്നു വിളിച്ചുവന്നു. കാണക്കാരന് ഉത്പാദനത്തിന്റെ ഒരു ഭാഗം മുന്‍‌കൂര്‍ കൊടുത്ത തുകയുടെ പലിശയായും മറ്റൊരു ഭാഗം നിലം സംരക്ഷിക്കുന്നതിന്റെ കൂലി എന്ന നിലയിലും സ്വന്തമാക്കാമായിരുന്നു. കാണക്കാരന്‍ മിക്കവാറും ഒരു ഇടനിലക്കാരന്‍ മാത്രമായിരുന്നു. കാണക്കാരനും ജന്മിക്കും ഉള്ള പങ്കിന്റെ ബാക്കി മാത്രമായിരുന്നു യഥാര്‍ത്ഥ കര്‍ഷകന് ലഭിച്ചിരുന്നത്.

ഉള്ളടക്കം

[തിരുത്തുക] വ്യവസ്ഥകള്‍

ജന്മിയുടെ കൈയിലെ ജന്മം ഭൂമി കാണക്കാരന്‍ കൈയേന്തിക്കഴിയുമ്പോള്‍ കാണംഭൂമിയാകുന്നു. സര്‍ക്കാര്‍ രജിസ്റ്ററിലും നിലം കാണഭൂമിയായി പതിച്ചുവന്നു[1]. പട്ടയവും കാണക്കാരനായിരുന്നു. ആദ്യകാലത്ത് 12 വര്‍ഷത്തേക്കായിരുന്നു കാണം നല്‍കിയിരുന്നതെങ്കിലും പിന്നീട് ഇത് സ്ഥിരമായി ഒരു കാണക്കാരന്റെ കൈയിലായി. എങ്കിലും 12 വര്‍ഷത്തിനു ശേഷം വീണ്ടും ഒരു നിശ്ചിത തുക വാങ്ങിക്കൊണ്ട് കാണപ്പാട്ടം പൊളിച്ചെഴുതാനുള്ള സ്വാതന്ത്ര്യം ജന്മിക്കുണ്ടായിരുന്നു. കാണാധാരം പൊളിച്ചെഴുതുമ്പോള്‍ ജന്മിയുടെ അവകാശങ്ങള്‍ കാണക്കാരന്‍ സംരക്ഷിക്കേണ്ടതുണ്ട്. കാണക്കാരന് പാട്ടഭൂമി പണയം വെക്കുവാനും വില്‍ക്കാന്‍ തന്നെയും ജന്മിയുടെ സമ്മതത്തോടെ കഴിയുമായിരുന്നു. കൃഷിസംബന്ധമായും നിബന്ധനകള്‍ ഒന്നുമുണ്ടായിരുന്നില്ല. പലകുടുംബങ്ങളും കാണംഭൂമിയെ പരമ്പരാഗതമായി തന്നെ കൈവശം വച്ചു പോന്നു. കാലം ചെല്ലും തോറും കാണപ്പാട്ടക്കാരന്റെ കുടുംബവും കുടുംബക്ഷേത്രവും കാണംഭൂമിയിലായി. കാണക്കാരന്റെ കുടുംബപ്പേരുതന്നെ കാണംഭൂമിയുടെ പേരിലായി[2]. ബ്രാഹ്മണനോ ദേവസ്വമോ ജന്മിയായ ഭൂമി ജന്മംഭൂമിയായിരിക്കുമ്പോള്‍ നികുതിരഹിതമായിരുന്നെങ്കിലും കാണംഭൂമിക്ക് കാണക്കാരന്‍ നികുതി അടക്കേണ്ടതുണ്ടായിരുന്നു. രാജാക്കന്മാര്‍ സ്ഥാനപ്പേരുകള്‍ നല്‍കിയിരുന്നതും കാണഭൂമിയുടെ നാമത്തിലായിരുന്നു[3].

[തിരുത്തുക] ശീലമര്യാദകള്‍

കാണപ്പാട്ട സമ്പ്രദായത്തില്‍ അനേകം മര്യാദകള്‍ നിലനിന്നിരുന്നു. അവയില്‍ ഏറിയപങ്കും ജന്മി കാണക്കാരനില്‍ നിന്ന് ഈടാക്കിയിരുന്നതാണ്[4] .

[തിരുത്തുക] ഓണക്കാഴ്ച, ഉത്സവക്കോപ്പ്

ജന്മിക്ക് ഓണക്കാലത്ത് നല്‍കേണ്ട അനുഭവങ്ങളാണ് ഓണക്കാഴ്ച, ഉല്‍പ്പന്നങ്ങളായിരുന്നു ഓണക്കാഴ്ചയായി നല്‍കേണ്ടിയിരുന്നത്. ജന്മി ദേവസ്വമാണെങ്കില്‍ ക്ഷേത്രത്തിലെ ഉത്സവകാലത്തായിരുന്നു ഇത് നല്‍കേണ്ടത്, അപ്പോളിതിനു ഉത്സവക്കോപ്പെന്നോ ഉത്സവക്കാഴ്ചയെന്നോ പറഞ്ഞുവന്നു. ഇതും ഒരു പാട്ടവിഹിതമായി കണ്ടുവന്നു. ഈ പാട്ടവിഹിതം ലഭിച്ചില്ലങ്കില്‍ ജന്മിക്ക് പലിശ ഈടാക്കാന്‍ അവകാശമുണ്ടായിരുന്നു[5].

[തിരുത്തുക] ആറുകാഴ്ച

ബ്രാഹ്മണജന്മിക്ക് കാണക്കാരന്‍ നല്‍കിയിരുന്ന പാട്ടവിഹിതമാണ് ആറുകാഴ്ച. ജന്മികുടുംബത്തിലെ ആറുവിശേഷാവസരങ്ങളിലായിരുന്നു ഇവ നല്‍കേണ്ടിയിരുന്നത്. ചോറൂണ്, ഉപനയനം, സമാവര്‍ത്തം, വേളി, പിണ്ഡം, മാസം തുടങ്ങിയവയായിരുന്നു അവ.

[തിരുത്തുക] കളശ്ശവരി

ദേവസ്വംജന്മിക്ക് ക്ഷേത്രങ്ങളുടെ പുനര്‍നിര്‍മ്മാണം, ശുദ്ധികലശം തുടങ്ങിയ വിശേഷാവസരങ്ങളില്‍ നല്‍കിയിരുന്ന പാട്ടക്കാഴ്ചയാണ് കളശ്ശവരി.

[തിരുത്തുക] അടുക്കുവത്

പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ കാണക്കാരന്‍ ജന്മിക്ക് നല്‍കിയിരുന്ന തുകയാണ് അടുക്കുവത്. പാട്ടം പൊളിച്ചെഴുതുമ്പോള്‍ നല്‍കുന്ന പണം അവകാശം എന്നു പറഞ്ഞിരുന്നു.

[തിരുത്തുക] മിച്ചവാരവും ഏറ്റര്‍ത്ഥവും

പാട്ടം പൊളിച്ചെഴുതുമ്പോള്‍ എഴുതുന്ന വാടക തുകയും ഓണക്കാഴ്ചയും അടങ്ങിയ തുകയാണ് മിച്ചവാരം. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മിച്ചവാരം പൊളിച്ചെഴുതുമ്പോള്‍ ജന്മിക്ക് ഉയര്‍ത്താം. ഉയര്‍ത്തി എഴുതുന്ന മിച്ചവാരവും പഴയ മിച്ചവാരവും തമ്മിലുള്ള വ്യത്യാസമാണ് ഏറ്റര്‍ത്ഥം. മിച്ചവാരം ഉയര്‍ത്തി പുതുക്കിയാല്‍ കാണക്കാരന്‍ ഏറ്റര്‍ത്ഥം മാത്രം നല്‍കിയാല്‍ മതിയായിരുന്നു.

[തിരുത്തുക] ഓലപ്പണം

ഓലയില്‍ ആധാരം എഴുതുന്നതിനു ജന്മിയുടെ കാര്യസ്ഥന്‍ കാണക്കാരനില്‍ നിന്നും ഈടാക്കിയിരുന്ന തുകയാണ് ഓലപ്പണം. പില്‍ക്കാലത്ത് ഓലപ്പണവും ജന്മിയുടെ അവകാശമായി.

[തിരുത്തുക] തൂസിക്കാണം

കാര്യസ്ഥന്‍ എഴുതിയ കാണാധാരം ഒപ്പുവെക്കുന്നതിനായി ജന്മി ഈടാക്കിയിരുന്ന തുകയാണ് തൂസിക്കാണം. തൂസിക്കാണം-ഒപ്പുതൂസി, ഒപ്പുകാണം എന്നിങ്ങനേയും അറിയപ്പെട്ടിരുന്നു[6]

[തിരുത്തുക] അവസാനം

ബ്രിട്ടീഷുകാര്‍ തിരുവിതാംകൂര്‍ നേരിട്ടു ഭരിച്ചില്ലങ്കിലും അവര്‍ തിരുവിതാംകൂറിനേയും സ്വാധീനിച്ചിരുന്നു. കര്‍ഷകനെ നേരിട്ടു സ്വാധീനിച്ച് പുതിയ ഉത്പാദന വിതരണക്രമത്തിനായി നടന്ന ഭരണപരിഷ്കാരങ്ങള്‍ കാണപ്പാട്ടക്കാര്‍ക്ക് സംരക്ഷണം നല്‍കി. ബിട്ടീഷ് നിയമാവലികള്‍ നാട്ടുമര്യാദകളെ നീക്കം ചെയ്തു. സാധാരണ കര്‍ഷകന് അവ ഏറെ ഗുണം ചെയ്തില്ലങ്കിലും ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ചെയ്തുവന്ന കാണപ്പാട്ടക്കാരന് അവ പൂര്‍ണ്ണ സംരക്ഷണം നല്‍കി. കാണപ്പാട്ടക്കാരന്‍ ഭൂമിയുടെ അവകാശിയായും സ്വതന്ത്ര കര്‍ഷകനായും മാറി. കേരളത്തില്‍ 1957-ലെ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പുതന്നെ കാണപ്പാട്ട സമ്പ്രദായം മിക്കവാറും നാമാവശേഷമായിരുന്നു.

[തിരുത്തുക] ഗ്രന്ഥസൂചി

  1. റ്റി. മാധവ റാവു, മെമോ ഓണ്‍ കാണപ്പാട്ടം റിന്യൂവര്‍, പുറം 30, File 15128 of 1867, കേരള സംസ്ഥാന ആര്‍ക്കൈവ്‌സ്, തിരുവനന്തപുരം
  2. റ്റി. മാധവ റാവു, മെമോ ഓണ്‍ കാണപ്പാട്ടം റിന്യൂവര്‍, പുറം 24, File 15128 of 1867, കേരള സംസ്ഥാന ആര്‍ക്കൈവ്‌സ്, തിരുവനന്തപുരം
  3. റ്റി. മാധവ റാവു, മെമോ ഓണ്‍ കാണപ്പാട്ടം റിന്യൂവര്‍, പുറം 26, File 15128 of 1867, കേരള സംസ്ഥാന ആര്‍ക്കൈവ്‌സ്, തിരുവനന്തപുരം
  4. എന്‍.ആര്‍. കൃഷ്ണപിള്ള, എ പ്ലീ ഫോര്‍ കാണംഡാഴ്സ്, പുറം-7, ജനുവരി 9-1918, തിരുവനന്തപുരം
  5. റെഗുലേഷന്‍സ് ആന്‍ഡ് പ്രോക്ലമേഷന്‍സ് ഓഫ് ട്രാവന്‍‌കൂര്‍, വാല്യം 2, പുറം 1420, വര്‍ഷം- 1928
  6. റെഗുലേഷന്‍സ് ആന്‍ഡ് പ്രോക്ലമേഷന്‍സ് ഓഫ് ട്രാവന്‍‌കൂര്‍, വാല്യം 2, പുറം 1420, വര്‍ഷം- 1928
ആശയവിനിമയം